Monday 20 January 2014

ഏട് നാല്‌



മുതിർന്ന ശേഷവും സൈക്കിളിൽ സ്വന്തം ഗ്രാമം ചുറ്റിസഞ്ചരിച്ചതും , വിടർന്ന കണ്ണുകളോടെ അഭ്രപാളിയിലേയ്ക്ക് നോക്കിയിരുന്നതും എന്റെ സ്വതന്ത്രാഘോഷങ്ങളായിരുന്നു.

പിന്നീട് ചെന്നൈയിൽ എത്തിയപ്പോൾ വെയിലേറ്റ് വാടിയ എന്റെ കവിൾത്തടങ്ങളിൽ, ചിലപ്പോഴെങ്കിലും സ്വാതന്ത്രം നീലിച്ചു കിടന്നു. കൈയ്യിൽ പതിവായി വായിച്ച പുസ്തകവുമായി വൈകുന്നേരങ്ങളിൽ ഞാൻ നടക്കാനിറങ്ങി. സെക്കന്റ് ഷോ സിനിമകൾ കാണാൻ തോളിൽ പാഠപുസ്തകത്തിന്റെ ഭാരവുമായി ക്യൂ നിന്നു. ചുറ്റുമുള്ള മുറുക്കാൻ കടയിലും ചായകടയിലും കറുത്തു തടിച്ച ചുവന്ന പൊട്ടുതൊട്ട തമിഴ് സ്ത്രീകളിലും പലതവണ ഞാൻ സ്വാതന്ത്ര്യം കണ്ടു. ഹോസ്പിറ്റലിനു തൊട്ടടുത്തുള്ള ചേരിയിലെ വലിയ മൂക്കുത്തിയും വെള്ളിപ്പാദസരവും ഇട്ട, മഞ്ഞളും വിയർപ്പും കലർന്ന മണമുള്ള ഉച്ചത്തിൽ സംസാരിക്കുന്ന സ്ത്രീകളെ നോക്കി പുഞ്ചിരിച്ചു മനശാസ്ത്ര പുസ്തകങ്ങളുടെ താളുകളിൽ എന്റെ സ്വാതന്ത്ര്യം ഞാൻ തീർത്തും ന്യായീകരിച്ചു. 

പരകായ പ്രവേശങ്ങളെ ഞാൻ സ്നേഹിച്ചു തുടങ്ങിയത് എന്നിലെ സ്വാതന്ത്ര്യത്തിനു മങ്ങലേല്ക്കുന്നു എന്ന് തോന്നിയപ്പോഴാണ്‌.

സ്നേഹത്തെപ്പറ്റി പറയുമ്പോൾ വേദനിക്കാനും അക്ഷരങ്ങളെയും ഭാവങ്ങളെയും പറ്റിപറയുമ്പോൾ ചിറകു വിടർത്തി പറക്കാനും എന്നെ ഞാൻ തന്നെയാണ്‌ പഠിപ്പിച്ചത്..!


നിന്റെ പ്രണയത്തിന്റെ നിറം
നീലയായതു കൊണ്ടായിരിക്കാം.
നിന്നെക്കുറിച്ചോർക്കുമ്പോൾ
ഒരു കടലാണെനിക്കൊർമ്മ വരുന്നത്...

എന്റെ പ്രണയത്തിന്റെ നിറം
ചുവപ്പായതു കൊണ്ടായിരിക്കാം
എന്റെ രക്തത്തിൽ
മാന്ത്രിക വിരൽമീട്ടി
നീ എപ്പോഴും
പാടിക്കൊണ്ടേയിരിക്കുന്നത്...

നമ്മുടെ പ്രണയത്തിനനേകം
നിറങ്ങളുള്ളതിനാലായിരിക്കാം
നഷ്ടപ്പെടുമെന്നറിഞ്ഞിട്ടും
നാം പ്രണയിച്ചു കൊണ്ടെയിരിക്കുന്നത്....

No comments:

Post a Comment