Friday 14 February 2014

ഏട് എട്ട്



അവർ ഒരുപാടു പേരുണ്ടായിരുന്നു... കൂട്ടത്തിൽ വിക്യതയായ ഒരു മുത്തശ്ശിയും... ഒരു മല ചൂണ്ടിക്കാട്ടി അവർ പറഞ്ഞു - കല്ലും മുള്ളും ചവിട്ടി നീ ആ മല കയറികൊൾക! മരത്തിൽ ചുവന്ന നിറത്തിൽ ഒരു പഴം... അതു ഭക്ഷിച്ചാൽ തെറ്റും ശരിയും തിരിച്ചറിയാൻ നിനക്കു ശേഷിയുണ്ടാവും... മുത്തശ്ശി തന്റെ കരിമ്പടം കൊണ്ട് അത് ശരിവച്ചവരെ മൂടി സംരക്ഷിച്ചു. കൂടെയുള്ള താടിക്കാർ അസഭ്യം പുലമ്പികൊണ്ടിരുന്നു... 

കണ്ണടച്ച് ഇരുട്ടാക്കി, കല്ലും മണ്ണും താണ്ടി ഞാൻ മലയുടെ മുകളിലെത്തി. താഴേയ്ക്ക് കണ്ണെത്തിച്ചു നോക്കിയപ്പോൾ മുത്തശ്ശിയുടെ കരിമ്പടത്തിൽ നിന്ന് രക്തം ചിതറിത്തെറിക്കുന്നത് അവ്യക്തമായെങ്കിലും ഞാൻ കണ്ടു... ആർക്ക് ആരെയാണ്‌ സംരക്ഷിക്കാനാവുക? ആർക്ക് ആരെയാണ്‌ ഉപേക്ഷിക്കാനാവുക. ചുവന്ന പഴം..! തെറ്റും ശരിയും..! വിവേചനം..! 

നടന്നടുത്തു... ചുവന്ന പഴം... 

അതിനു രണ്ടു കണ്ണുകൾ..! മുടിക്കെട്ടിയ രണ്ടു കണ്ണുകൾ... കാഴ്ച നഷ്ടപ്പെട്ട ഈ പഴം എനിക്കു ശരിയും തെറ്റും പറഞ്ഞു തരുമെന്നോ... ഇനി ഞാൻ ആക്രോശിക്കാം...

അൽപം ഉച്ചത്തിൽ തന്നെ...

കാപട്യം ജീവിതചര്യയാക്കാൻ നിങ്ങളെന്നെ നിർബന്ധിക്കരുത്...

നിങ്ങളിൽ തെറ്റു ചെയ്യാത്തവർ എന്നെ കല്ലെറിയട്ടെ..!

അമ്മയുടെ പൊക്കിൾകൊടിയെ ചുറ്റിപിടിച്ച്,
ചുംബിച്ച് ഞാനിവിടെതന്നെ കാത്തിരിക്കാം...

No comments:

Post a Comment