Tuesday 28 January 2014

ഏട് ഏഴ്

ചോദ്യങ്ങൾക്കും ഉത്തരങ്ങൾക്കും നടുവിലാണ്‌ എന്റെ ദിവസങ്ങൾ തുടങ്ങുകയും അവസാനിക്കുകയും ചെയ്യുന്നത്. സ്വർഗ്ഗത്തിലേക്ക് ഞാനിതിനു മുൻപും കത്തെഴുതിയിട്ടുണ്ട്. ഇന്നെഴുതാൻ പോകുന്നത്, എന്റെ ഹ്യദയത്തിന്റെ, എന്റെ മസ്തിഷ്കത്തിന്റെ ആത്മാവിന്റെ ഭാഗമാണെന്ന് ഞാൻ കരുതുന്ന കമലാദാസിനാണ്‌.

പ്രിയപ്പെട്ടവളെ,

ഒരു തടാകത്തിൽ ഇളം വെയിലേറ്റു മലർന്നു കിടക്കുന്ന ലാഘവത്തോടെ പ്രണയിച്ചവളാണ്‌ നീ. സ്വർഗ്ഗം നാലു ചുവരുകൾക്കുള്ളിലാണെങ്കിൽ അതിനെ വകുത്തു മാറ്റി, നീ നിന്റെ സ്വപ്നലോകത്ത് എത്തിക്കണം. ഒരു വലിയ പാനപാത്രത്തിൽ സ്വാതന്ത്ര്യത്തിന്റെ രുചി നീ നുകരുന്നുണ്ടാവണം. സ്നേഹമാണ്‌ മതമെന്നും, സൗന്ദര്യം ഒരു ഋതുവാണെന്നും ഞാനും മനസിലാക്കുന്നു.

നിന്റെ തുറന്നെഴുത്തിന്റെ ചിത്രശലഭങ്ങൾ നിന്നോടൊപ്പം പറന്നു കളിക്കുന്നുണ്ടാവണം. നിന്റെ ക്ഷീണിച്ച കണ്ണുകൾ യൗവനം തിരിച്ചു പിടിക്കുകയും, കാഴ്ചകളിലെയ്ക്ക് തിരിഞ്ഞു നടക്കുകയും ചെയ്യുന്നുണ്ടാകണം. നിന്റെ നീണ്ട വിരൽത്തുമ്പിൽ തൂലിക ന്യത്തം ചെയ്യുന്നുണ്ടാവണം.

ഞാൻ ഇവിടെ എന്റെ വഴിയിലൂടെ - ഞാൻ തിരഞ്ഞെടുത്ത അപരിചിതത്വം നിറഞ്ഞ എന്റെ വഴിയിലൂടെ നഗ്ന പാദയായി യാത്ര തുടങ്ങിയിരിക്കുന്നു. എന്റെ ശരികൾ എന്റെ മാത്രം ശരികളാണെന്ന് ചിലപ്പോഴെങ്കിലും ഞാനെന്നെ തന്നെ ഓർമ്മിപ്പിക്കുന്നു. വാനോളം പൊങ്ങിപറക്കുന്ന സ്വപ്നങ്ങളെ വരവേൽക്കാൻ മടിത്തട്ടും വിരിച്ച് കാത്തിരിക്കുന്നു. നഷ്ടങ്ങളുടെ വേദന ഞാനറിയുന്നു.

ഇപ്പോൾ, എന്റെ ആകാശത്ത്നിന്റെ തിളങ്ങുന്ന മൂക്കുത്തി മിന്നുന്നതെനിക്ക് കാണാം.
സ്നേഹമാണ്‌ നിന്റെ മതമെന്ന്,
പ്രണയമാണ്‌ നിന്റെ രക്തമെന്നും
നീയിനിയും ഉറക്കെ വിളിച്ച് പറയുക!
ഇനിയും കേൾവിശേഷി
തിരിച്ചു കിട്ടാത്തവർ ബധിരരായി തുടരട്ടെ..!
ഞാൻ കാതോർത്തിരിക്കാം...

സ്നേഹപൂർവ്വം
ഞാൻ

No comments:

Post a Comment