Tuesday 28 January 2014

ഏട് ഏഴ്

ചോദ്യങ്ങൾക്കും ഉത്തരങ്ങൾക്കും നടുവിലാണ്‌ എന്റെ ദിവസങ്ങൾ തുടങ്ങുകയും അവസാനിക്കുകയും ചെയ്യുന്നത്. സ്വർഗ്ഗത്തിലേക്ക് ഞാനിതിനു മുൻപും കത്തെഴുതിയിട്ടുണ്ട്. ഇന്നെഴുതാൻ പോകുന്നത്, എന്റെ ഹ്യദയത്തിന്റെ, എന്റെ മസ്തിഷ്കത്തിന്റെ ആത്മാവിന്റെ ഭാഗമാണെന്ന് ഞാൻ കരുതുന്ന കമലാദാസിനാണ്‌.

പ്രിയപ്പെട്ടവളെ,

ഒരു തടാകത്തിൽ ഇളം വെയിലേറ്റു മലർന്നു കിടക്കുന്ന ലാഘവത്തോടെ പ്രണയിച്ചവളാണ്‌ നീ. സ്വർഗ്ഗം നാലു ചുവരുകൾക്കുള്ളിലാണെങ്കിൽ അതിനെ വകുത്തു മാറ്റി, നീ നിന്റെ സ്വപ്നലോകത്ത് എത്തിക്കണം. ഒരു വലിയ പാനപാത്രത്തിൽ സ്വാതന്ത്ര്യത്തിന്റെ രുചി നീ നുകരുന്നുണ്ടാവണം. സ്നേഹമാണ്‌ മതമെന്നും, സൗന്ദര്യം ഒരു ഋതുവാണെന്നും ഞാനും മനസിലാക്കുന്നു.

നിന്റെ തുറന്നെഴുത്തിന്റെ ചിത്രശലഭങ്ങൾ നിന്നോടൊപ്പം പറന്നു കളിക്കുന്നുണ്ടാവണം. നിന്റെ ക്ഷീണിച്ച കണ്ണുകൾ യൗവനം തിരിച്ചു പിടിക്കുകയും, കാഴ്ചകളിലെയ്ക്ക് തിരിഞ്ഞു നടക്കുകയും ചെയ്യുന്നുണ്ടാകണം. നിന്റെ നീണ്ട വിരൽത്തുമ്പിൽ തൂലിക ന്യത്തം ചെയ്യുന്നുണ്ടാവണം.

ഞാൻ ഇവിടെ എന്റെ വഴിയിലൂടെ - ഞാൻ തിരഞ്ഞെടുത്ത അപരിചിതത്വം നിറഞ്ഞ എന്റെ വഴിയിലൂടെ നഗ്ന പാദയായി യാത്ര തുടങ്ങിയിരിക്കുന്നു. എന്റെ ശരികൾ എന്റെ മാത്രം ശരികളാണെന്ന് ചിലപ്പോഴെങ്കിലും ഞാനെന്നെ തന്നെ ഓർമ്മിപ്പിക്കുന്നു. വാനോളം പൊങ്ങിപറക്കുന്ന സ്വപ്നങ്ങളെ വരവേൽക്കാൻ മടിത്തട്ടും വിരിച്ച് കാത്തിരിക്കുന്നു. നഷ്ടങ്ങളുടെ വേദന ഞാനറിയുന്നു.

ഇപ്പോൾ, എന്റെ ആകാശത്ത്നിന്റെ തിളങ്ങുന്ന മൂക്കുത്തി മിന്നുന്നതെനിക്ക് കാണാം.
സ്നേഹമാണ്‌ നിന്റെ മതമെന്ന്,
പ്രണയമാണ്‌ നിന്റെ രക്തമെന്നും
നീയിനിയും ഉറക്കെ വിളിച്ച് പറയുക!
ഇനിയും കേൾവിശേഷി
തിരിച്ചു കിട്ടാത്തവർ ബധിരരായി തുടരട്ടെ..!
ഞാൻ കാതോർത്തിരിക്കാം...

സ്നേഹപൂർവ്വം
ഞാൻ

Friday 24 January 2014

ഏട് ആറ്‌


ഞാനവനെ കുറിച്ചാണ്‌ എഴുതുന്നത്...

അവൻ...

ഓർമ്മക്കൾക്ക്
ഇത്ര കരുത്തുണ്ടെന്ന്
ഞാൻ മനസില്ലാക്കിയത്
ഇപ്പൊഴാണ്‌...

നിനക്കു സൂക്ഷിക്കാനാവാത്ത
കടലാസു തുണ്ടിൽ
ഞാനെന്റെ ജീവിതം കുറിയ്ക്കട്ടെ!
ചെറുതെങ്കിലും വലുത്‌,
മധുരമെങ്കിലും കയ്പ്പ്

നിന്റെ ജീവിതത്തിൽ
നിറങ്ങളുണ്ടായിരുന്നുവെന്ന്
എനിയ്ക്ക്തീർച്ചയാണ്
എന്നിട്ടും...
എന്റെ സ്വപ്നങ്ങളിലെയ്ക്ക്
നീ പുതിയ
നിറങ്ങൾ പകർന്നു...

നിനക്കും എനിക്കുമിടയിൽ
ആർത്തിരമ്പുന്ന
ഒരു കടലുണ്ടായിരുന്നു
ഭീമൻ തിരകളെ
നീ വേദനയോടെ
ആർത്തിയോടെ
വിഴുങ്ങി...

ആയിരം കണ്ണുകൾ
നീ കോരിയെറിഞ്ഞ്
ഞാൻ നിന്റെ വിരൽത്തുമ്പിൽ പിടിച്ച്നടന്നു
വേദനകൾ കണ്ണിൽ നിറയുമ്പോൾ
നിന്റെ നെഞ്ചിൽ മുഖമർത്തി
ഞാൻ തേങ്ങി...
നിന്റെ ചുംബനം
എന്റെ സ്വപ്നമായിരുന്നു...

നിന്റെ വിരലുകളും
ചുണ്ടുകളും എന്റെ സ്വകാര്യതയായിരുന്നു
എന്റെ പുഞ്ചിരി
നിന്റെ ആനന്ദമാണെന്ന്
ഞാൻ തിരിച്ചറിയുന്നു
പ്രിയപ്പെട്ടവനെ...
നിന്റെ കണ്ണുകൾ
നിന്റെ ഹ്യദയത്തിന്റെ
വാതിലാണ്‌...

നിന്റെ പിന്നാലെയല്ലാതെ
എന്റെ വസന്തം തേടി
മറ്റേതു വഴിയാണ്
ഞാൻ നടക്കേണ്ടത്...

നിന്റെ സ്നേഹം
ഒരു മായക്കണ്ണാടിയാണ്
അതെന്ന രാജകുമാരിയാക്കുന്നു...

സ്വപ്നങ്ങളുടെ രാജകുമാരി...

Tuesday 21 January 2014

ഏട് അഞ്ച്


അക്ഷരങ്ങൾ ചിലപ്പോഴെങ്കിലും എന്നിൽ നിന്നകന്നു നിന്നത് എനിയ്ക്ക് ചിന്തകളില്ലാത്തതു കൊണ്ടല്ല... മറിച്ച് വിചിന്തനങ്ങളില്ലാത്തതു കൊണ്ടാണ്‌... വിചിന്തനങ്ങളില്ലാതെ, നിഴലിനെ തിരിഞ്ഞു നോക്കാതെ ഒരു യാത്ര..!

മതവും പ്രണയവും പഴമയും പുതുമയും ശുക്ലവും വമിക്കുന്ന ചിന്തകൾക്കൊടുവിൽ ആശയക്കുഴപ്പങ്ങൾക്ക് നടുവിൽ നിൽക്കുകയാണ്‌ ഞാൻ...

മതം, ജനനത്തോടൊപ്പം - വെറുതെ പാരമ്പര്യമായി പകർന്ന് കിട്ടുന്ന ഒന്നാണ്‌. അസ്ഥിത്വം! അഛനെയും അമ്മയെയും പോലെ, മാറി ചിന്തിക്കുക അപ്രാപ്യം.

മതം സങ്കീർണ്ണമായ ഒരു ചിന്താതന്തുവാണ്‌.ആചാരങ്ങൾ,  
അനുഷ്ഠാനങ്ങൾ ! അടിത്തറയില്ലാത്ത വിശ്വാസങ്ങൾ...

മുഖം മുടികൾ മാറ്റി മാറ്റി
ചമയങ്ങളിൽ ഏറ്റക്കുറച്ചിലുകൾ വരുത്തി
ചിരിച്ചും കരഞ്ഞും 
വിലപിച്ചും തേങ്ങിയും
അട്ടഹസിച്ചും
ഒരഭിനയം
അരങ്ങിൽ വിളക്കണയുമ്പോൾ
അല്ലെങ്കിൽ
കാണികളില്ലാതാവുമ്പോൾ
ചമയങ്ങളഴിച്ച്, വേഷങ്ങളഴിച്ച്
നഗ്നയായി
പച്ച മണലിൽ
ഞാൻ മലർന്ന് കിടക്കും
എന്നിട്ട്
ഉച്ചത്തിൽ
നിലവിളിയ്ക്കും
പക്ഷെ...

Monday 20 January 2014

ഏട് നാല്‌



മുതിർന്ന ശേഷവും സൈക്കിളിൽ സ്വന്തം ഗ്രാമം ചുറ്റിസഞ്ചരിച്ചതും , വിടർന്ന കണ്ണുകളോടെ അഭ്രപാളിയിലേയ്ക്ക് നോക്കിയിരുന്നതും എന്റെ സ്വതന്ത്രാഘോഷങ്ങളായിരുന്നു.

പിന്നീട് ചെന്നൈയിൽ എത്തിയപ്പോൾ വെയിലേറ്റ് വാടിയ എന്റെ കവിൾത്തടങ്ങളിൽ, ചിലപ്പോഴെങ്കിലും സ്വാതന്ത്രം നീലിച്ചു കിടന്നു. കൈയ്യിൽ പതിവായി വായിച്ച പുസ്തകവുമായി വൈകുന്നേരങ്ങളിൽ ഞാൻ നടക്കാനിറങ്ങി. സെക്കന്റ് ഷോ സിനിമകൾ കാണാൻ തോളിൽ പാഠപുസ്തകത്തിന്റെ ഭാരവുമായി ക്യൂ നിന്നു. ചുറ്റുമുള്ള മുറുക്കാൻ കടയിലും ചായകടയിലും കറുത്തു തടിച്ച ചുവന്ന പൊട്ടുതൊട്ട തമിഴ് സ്ത്രീകളിലും പലതവണ ഞാൻ സ്വാതന്ത്ര്യം കണ്ടു. ഹോസ്പിറ്റലിനു തൊട്ടടുത്തുള്ള ചേരിയിലെ വലിയ മൂക്കുത്തിയും വെള്ളിപ്പാദസരവും ഇട്ട, മഞ്ഞളും വിയർപ്പും കലർന്ന മണമുള്ള ഉച്ചത്തിൽ സംസാരിക്കുന്ന സ്ത്രീകളെ നോക്കി പുഞ്ചിരിച്ചു മനശാസ്ത്ര പുസ്തകങ്ങളുടെ താളുകളിൽ എന്റെ സ്വാതന്ത്ര്യം ഞാൻ തീർത്തും ന്യായീകരിച്ചു. 

പരകായ പ്രവേശങ്ങളെ ഞാൻ സ്നേഹിച്ചു തുടങ്ങിയത് എന്നിലെ സ്വാതന്ത്ര്യത്തിനു മങ്ങലേല്ക്കുന്നു എന്ന് തോന്നിയപ്പോഴാണ്‌.

സ്നേഹത്തെപ്പറ്റി പറയുമ്പോൾ വേദനിക്കാനും അക്ഷരങ്ങളെയും ഭാവങ്ങളെയും പറ്റിപറയുമ്പോൾ ചിറകു വിടർത്തി പറക്കാനും എന്നെ ഞാൻ തന്നെയാണ്‌ പഠിപ്പിച്ചത്..!


നിന്റെ പ്രണയത്തിന്റെ നിറം
നീലയായതു കൊണ്ടായിരിക്കാം.
നിന്നെക്കുറിച്ചോർക്കുമ്പോൾ
ഒരു കടലാണെനിക്കൊർമ്മ വരുന്നത്...

എന്റെ പ്രണയത്തിന്റെ നിറം
ചുവപ്പായതു കൊണ്ടായിരിക്കാം
എന്റെ രക്തത്തിൽ
മാന്ത്രിക വിരൽമീട്ടി
നീ എപ്പോഴും
പാടിക്കൊണ്ടേയിരിക്കുന്നത്...

നമ്മുടെ പ്രണയത്തിനനേകം
നിറങ്ങളുള്ളതിനാലായിരിക്കാം
നഷ്ടപ്പെടുമെന്നറിഞ്ഞിട്ടും
നാം പ്രണയിച്ചു കൊണ്ടെയിരിക്കുന്നത്....

Sunday 19 January 2014

ഏട് മൂന്ന്




ഇനി എന്നിലെയ്ക്ക് മടങ്ങാം.. മടങ്ങുക എന്നത് ഒരു അനിവാര്യതയാണല്ലോ...!

എന്റെ ജനനസത്യം വെളിപ്പെടുത്തട്ടെ!

പത്താംക്ലാസുകാരിയും വാചാലയും അനുസരണയുള്ളവളുമായ എന്റെ ഉമ്മയുടെയും, ചിന്തയും വിചിന്തനങ്ങളും നിലപാടുകളും ഉള്ള എന്റെ ഉപ്പയുടെയും മകളായി ഒരു പാതിരാത്രിയിൽ ഞാൻ ജനിച്ചു. ഗർഭിണിയായിരിക്കെ, ന്യത്തത്തെയോ, സിനിമയെയൊ, സംഗീതത്തെയൊ, സാഹിത്യത്തെയൊ കുറിച്ചൊന്നും എന്റെ ഉമ്മ ഒരിക്കൽപോലും ഓർത്തിരിക്കാനിടയില്ല…

എന്റെ ഓർമ്മകൾ തുടങ്ങുന്നത് തറവാട്ടിലെ സ്വീകരണമുറിയിലാണെന്ന് തോന്നുന്നു. തീർച്ചയില്ല.. അവിടെ വെള്ളയും ചുവപ്പും വരകളുള്ള കസേരകൾ ഉണ്ടായിരുന്നു.

ഞാൻ സ്ഥിരമായി ഒരു സ്വപ്നം കാണാറുണ്ടായിരുന്നു... പാതിരാത്രിയിൽ വലിയ മനുഷ്യൻ വന്ന് എന്നെ പിടിച്ചുകൊണ്ടുപോകുന്നതും, മൂത്രമൊഴിക്കനെന്ന പേരുപറഞ്ഞ് ഞാനുമ്മയുടെ അടുത്ത് ഓടിയെത്തുന്നതും. ഉമ്മ അവിടെ നിന്ന് കരയുന്നതും. നിരന്തരമായി ഈ സ്വപ്നം എന്നെ ശല്യം  ചെയ്തുകൊണ്ടിരുന്നു... ഫ്രോയിശിന്റെ “ interpretation of dreams” ൽ പലതവണ തിരഞ്ഞിട്ടും ഈ സ്വപ്നത്തിന്റെ അർത്ഥം എനിയ്ക്ക് കണ്ടെത്താനായില്ല...

മേഘങ്ങളിലെയ്ക്കുള്ള ഗോവണികളും ആകാശത്തിന്റെ കവാടങ്ങളും എന്നോ ഞാൻ പണിതീർത്തു വച്ചു. നിറങ്ങളെ എറെ സ്നേഹിക്കാനും, സ്നേഹത്തെപറ്റി പറയുമ്പോൾ ചിറകു വിടർത്തി പറക്കാനും ഞാനെന്നെ പഠിപ്പിച്ചു. സ്നേഹത്തിന്റെ നിർവചനം തേടി എന്റെ മനസ്സലിഞ്ഞു. അക്ഷരങ്ങളിൽ അനുരക്തയായി... വെളുത്ത കടലാസ്സിൽ തെളിയുന്ന കറുത്ത അക്ഷരങ്ങൾ എനിയ്ക്ക് പ്രിയപ്പെട്ടതായി. സുഹ്റയും മജീദും എന്റെ കളിക്കൂട്ടുകാരായി...

അങ്ങനെ സ്വപ്നങ്ങളിൽ മയങ്ങി ഞാൻ...

Friday 17 January 2014

ഏട് രണ്ട് : ഒഴിഞ്ഞ സമ്മാനം.




എന്നെകുറിച്ച് പറയും മുമ്പ് ഇനി ഞാനവളെകുറിച്ച് പറയട്ടെ... കാരണം ഞാനെന്നും സങ്കീർണ്ണതകളെ ഇഷ്ടപ്പെടുന്നു. നിങ്ങളും ഇവളെ കണ്ടിട്ടുണ്ടാവും. കാണാതെ

സ്കൂട്ടർ നിർത്തി, ബാഗുമെടുത്തിറങ്ങുമ്പോൾ കണ്ണാടിയിൽ മുഖമൊന്നു നോക്കി. മുഖത്തേതു ഭാവമാണ്‌ ഉണ്ടാവേണ്ടത്. പുഛം? അതോ നിരാശയോ? പൂർണ്ണമായും നിന്നെ നഷ്ടപ്പെടുകയാണെന്ന് ഞാൻ മനസില്ലാക്കുന്നു എന്നതിന്റെ ഒരു നേരിയ പ്രകടനം? പക്ഷെ അതെങ്ങനെ ശരിയാകും  ഒരു വിവാഹവും പൂർണ്ണമായ ഒരു നേടലൊ നഷ്ടപ്പെടലൊ അല്ല..! തീർച്ച, കണ്ണാടിയിൽ നിന്ന് മുഖം തിരിച്ച് ഓഡിറ്റോറിയത്തിന്‌ നേരെ നടന്നു തുടങ്ങിയപ്പോൾ ഒരു സംശയം, നെഞ്ചിടിപ്പ് അല്പം വേഗത്തിലാണോ? ഏയ്, അല്ല..!

തിരക്കോ കൂടി നിൽക്കുന്ന ആളുകളോ അവരുടെ തിളങ്ങുന്ന വസ്ത്രങ്ങളോ ഒന്നും എന്നെ ആകർഷിച്ചില്ല... അഭിനയങ്ങളോ പ്രകടങ്ങളോ ഒക്കെ ഉള്ളതിനേക്കാൾ ഭ്രമം തനിക്കവനോടായിരുന്നു... എന്നാണവനെ ആദ്യമായി കാണുന്നത്?

ജനുവരി 26നോ അതോ അഗസ്റ്റ് പതിഞ്ചിനോ നിരനിരയായി നിൽക്കുന്ന കുട്ടികൾക്കിടയിൽ നിന്ന് നീല സ്കാർഫും ചാരനിരത്തിലുള്ള തൊപ്പിയും, ആ കുസ്യതിയും നിറഞ്ഞ മുഖവും താനെന്തേ ഇത്രയേറെ ശ്രദ്ധിച്ചത്? അവൻ തന്നെയും ശ്രദ്ധിക്കാറുണ്ടായിരുന്നു.. തീർച്ച... പിന്നെ ഒരിക്കൽ മഴയത്ത്, ആഗസ്റ്റിനും ജനുവരിക്കും വേണ്ടിയുള്ള കാത്തിരുപ്പുകൾ... പുസ്തകത്തിന്റെ ആദ്യപേജിൽ എഴുതി വച്ച ഫോൺ നമ്പറിലേയ്ക്ക് നോക്കി പറഞ്ഞ നനഞ്ഞ വാക്കുകൾ ... നിലനില്പ്പിലും നടപ്പിലും അവന്റെതാണെന്ന തോന്നൽ... നിറങ്ങളെ അന്ധമായി സ്വപ്നം കണ്ട ബാല്യത്തിന്റെയും കൗമാര്യത്തിന്റെയും നിലാവൊഴുകുന്ന രാത്രികൾ... പറയാതെ പോയി പ്രണയത്തിന്റെ നൊമ്പരങ്ങൾ, ഡയറിത്താളുകൾ നീലിച്ച് കിടന്നു. അവനെന്താണെന്നൊ, അവന്റെ പ്രണയമെന്താണെന്നൊ അറിയാതെ ഞാനവനെ, ഗാഢമായിതന്നെ പ്രണയിച്ചുകൊണ്ടെയിരുന്നു..


അവൻ നടന്നടുത്തെത്തികഴിഞ്ഞിരുന്നു. അവന്റെ വധു ഒരു എം.ബി.ബി.എസ് കാരിയാണ്‌. നല്ലത്..! ഇവൻ എങ്ങോട്ടാണ്‌? തന്റെ അടുത്തേക്കോ? എന്തിന്‌? അവന്റെ കൈകൾ എന്റെ കൈകളെ ബലമായിതന്നെ പിടിക്കുകയാണ്‌... അവന്റെ കണ്ണുകളിലെന്താണ്‌... എന്റെ ഡയറിയിലെ വരികൾ... നീലിച്ച പ്രണയം.. ഇത്രയും ആളുകൾ നോക്കിനില്ക്കെ... മൈലാഞ്ചിക്കയ്യുമായൊരു പെൺകുട്ടി കാത്തിരിക്കെ... അവനെന്താണീ ചെയ്യുന്നത്...?

എന്നെ വിടൂ, നീയെന്താണ്‌ ചെയ്യുന്നത്...? വിടൂ... എല്ലാവരും ശ്രദ്ധിക്കുന്നു... എങ്ങോട്ടാണ്‌ നീയെന്നെ കൊണ്ടുപോകുന്നത്..? ഒന്നും ഒന്നും അവൻ കേൾക്കുന്നില്ലെന്ന് തോന്നുന്നു അതോ, തന്റെ വാക്കുകൾ തൊണ്ടായിലെവിടെയോ കുരുങ്ങിക്കിടക്കുകയാണോ... എന്താണ്‌ സംഭവിക്കുന്നത്... വലതുകൈകൊണ്ട് ഞാനെന്റെ ബാഗു തപ്പി നോക്കി... അതവിടെ തന്നെയുണ്ട്... ആ സമ്മാനം.. വിവാഹ സമ്മാനം... ഒഴിഞ്ഞ സമ്മാനം..!! പക്ഷെ ഇവൻ എങ്ങോട്ടാണെന്നെ കൊണ്ടുപോകുന്നത്???